തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവുമധികം മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യകാര്യത്തിലും ഈ സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഫോമ കേരള കൺവൻഷൻ ആദ്യദിനം ഉച്ചകഴിഞ്ഞ് ഫോമയുടെ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നഴ്സിങ്ങ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ് പഠന സഹായി സഞ്ചയിനി പദ്ധതിയുടെ ഭാഗമായി സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഫോമയുടെ സഹകരണം ഇനിയും സർക്കാരിനൊപ്പമുണ്ടാകണമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
വനിതാ കമ്മീഷൻ അംഗം ഇ.എം രാധചടങ്ങിൽ പങ്കെടുത്തു. നഴ്സിങ്ങ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് തുകയുടെ ചെക്ക് കൈമാറി. സ്ത്രീശാക്തീകരണം സംബന്ധിച്ച് സുപ്രീം കോടതി അഭിഭാഷക അഡ്വ.സിസ്റ്റർ ജെസ്സി കുര്യൻ സെമിനാർ നയിച്ചു. ചലച്ചിത്ര സംവിധായകൻ കെ മധു, നിർമ്മാതാവ് സാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വെല്ലുവിളികൾക്കിടയിലും സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് കേരളം നേരിട്ട പ്രതിസന്ധി ഘട്ടത്തിൽ നാടിന് തുണയായി നിൽക്കാൻ ഫോമയ്ക്ക് കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ടെന്ന് സ്വാഗത പ്രസംഗത്തിൽ ഫോമ കേരള കൺവൻഷൻ ചെയർമാൻ ഡോ.ജേക്കബ് തോമസ് പറഞ്ഞു. കേരള കൺവൻഷൻ വൈസ് ചെയർമാൻ ബെഞ്ചമിൻ ജോർജ്ജ്, ഫോമ കൺവെൻഷൻ വൈസ് ചെയർമാൻമാരായ ബിനൂബ് ശ്രീധർ, ജോർജ്ജുകുട്ടി, കേരള കൺവൻഷൻ കോ-ഓർഡിനേറ്റര് ലാലു ജോസഫ്, ഫോമ വിമൻസ് ഫോറം ട്രഷറർ ജാസ്മിൻ പാരോൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അർഹരായ വിദ്യാർത്ഥികൾക്ക് നഴ്സിങ്ങ് പഠനസഹായത്തിന് 'സഞ്ചയിനി' സ്കോളർഷിപ് നൽകുമെന്ന് ഫോമ വിമൻസ് ഫോറം ട്രഷറർ ജാസ്മിൻ പാരോൾ പറഞ്ഞു. ഈ വർഷം 100 കുട്ടികൾക്ക് സ്കോളർഷിപ് നൽകാനാണ് ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യഘട്ടമായാണ് ഇപ്പോൾ അർഹരായ 40 വിദ്യാർത്ഥികളെ കണ്ടെത്തി സ്കോളർഷിപ് നൽകുന്നത്.
കുട്ടികളുടെ പഠനമികവും കുടുംബത്തിന്റെ വരുമാനവും പരിശോധിച്ചാണ് അർരായവരെ കണ്ടെത്തുന്നത്. അടുത്തഘട്ടമായി മറ്റു പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ് നൽകും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന കുട്ടികളുടെ ഫീസ് മാത്രമല്ല, അവരുടെ കുടുംബത്തിന് ആവശ്യമായി വരുന്ന മറ്റ് സഹായങ്ങളും ലഭ്യമാക്കുമെന്ന് ജാസ്മിൻ പാരോൾ പറഞ്ഞു.
'സഞ്ചയിനി' സ്കോളർഷിപ് പദ്ധതിയുടെ ഭാഗമായി ഇന്ന് 40 കുട്ടികൾക്കായി 20 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. വിമൻസ് ഫോറത്തിന് നാല് നാഷണൽ കമ്മിറ്റി മെമ്പർമാരും 12 റീജയണൽ മെമ്പർമാരും ഉൾപ്പെടുന്നതാണ് വിമൻസ് ഫോറം.