മാധ്യമ പ്രവർത്തകന് ഫോമ രണ്ട് ലക്ഷം നൽകി; അഭിവാദ്യമർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാർ
T Unnikrishnan FOMAA GS | May 19, 2022

തിരുവനന്തപുരം: അശരണർക്ക് ആശ്വാസമായി ജീവകാരുണ്യ മേഖലയിൽ ഫോമയുടെ നേതൃത്വത്തിൽ നടത്തി വരുന്ന മാതൃകാപ്രവർത്തനങ്ങൾ അങ്ങേയറ്റം പ്രശംസനീയമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകനായ സിബിക്ക് ഫോമ നൽകുന്ന ധനസഹായമായ രണ്ടു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി.ഫോമയുടെ ഔദ്യോഗിക മാസിക അക്ഷരകേരളത്തിന്റെ പ്രകാശനം മന്ത്രി റോഷി അഗസ്റ്റിൻ മാസികയുടെ ചീഫ് എഡിറ്റർ ഷൈജനു നൽകി നിർവഹിച്ചു. തുടർന്ന് ഫോമയുടെ ആഗോള കൺവൻഷനിൽ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണക്കത്ത് ഭാരവാഹികൾ മന്ത്രിക്ക് നൽകി.

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജിന്റെ അധ്യക്ഷ പ്രസംഗം

കുറച്ച് വാക്ക്, കൂടുതൽ പ്രവൃത്തി -അതാണ് ഫോമാ, കേരളവുമായുള്ള പൊക്കിൾക്കൊടിബന്ധം ഫോമാ എങ്ങനെ നിലനിർത്തുന്നു എന്നത് അതിന്റെ പ്രവർത്തനങ്ങൾ വിളിച്ചോതും. 40 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സഞ്ജയിനി എന്ന പേരിൽ 50,000 രൂപയുടെ സ്കോളർഷിപ്പ് ഫോമാ വനിതാ ഫോറം വിതരണം ചെയ്യുകയാണ്.


കോവിഡ് കാലത്ത് വനിതാ ഫോറം ചെയ്ത പ്രവർത്തനങ്ങളും ലോകവനിതകൾക്ക് അഹങ്കരിക്കാവുന്നവയാണെന്ന് ഈ അവസരത്തിൽ പറയട്ടെ, യോഗ ക്ലാസ്, കുക്കിംഗ് ക്ലാസ്, ബ്യൂട്ടി പേജന്റ്, വിമൻ എംപവർമെൻറ് പ്രോഗ്രാം എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് കൂട്ടിലകപ്പെട്ട സ്ത്രീകൾക്ക് അവർ സാന്ത്വനം പകർന്നത്. നാഷണൽ കമ്മിറ്റി, അഡ്വൈസറി കൗൺസിൽ, യൂത്ത് ഫോറം, സീനിയർ ഫോറം, വനിതാ ഫോറം എന്നിങ്ങനെ

കാനഡ മുതൽ കാലിഫോർണിയ വരെയുള്ള 90 സംഘടനകളുടെ സംഘചേതനയാണ് ഫോമാ.


ലോകമലയാളികൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യാവുന്നതും അവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരുന്നതുമായ ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായി ഫോമാ വളർന്നുകഴിഞ്ഞു. വിവിധ രൂപത്തിൽ കേരളത്തിലേക്ക് മാത്രം ആറ് കോടി രൂപയുടെ സഹായമെത്തിക്കാൻ നിലവിലെ കമ്മിറ്റിക്ക് കഴിഞ്ഞു.


താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രികളിലും വെന്റിലേറ്ററുകൾ, പിപിഇ കിറ്റുകൾ, കോൺസൺട്രേറ്ററുകൾ, പൾസ് ഓക്സിമീറ്റർ, ഗ്ലൗസ് തുടങ്ങിയവ എത്തിച്ചു. കുട്ടികൾക്ക് പഠിക്കാൻ വിവിധ എംഎൽഎ മാർ ആവശ്യപ്പെട്ട അത്രയും സ്മാർട് ഫോണുകളും ലാപ്ടോകളും നൽകാനും സാധിച്ചു. ബാലരാമപുരത്തെ കൈത്തറി മേഖലയിലുള്ളവർക്കും കൈത്താങ്ങായി. അശരണർക്ക് ഭക്ഷണം വിതരണം ചെയ്യാനും ഫോമാ പലകുറി മുൻകൈ എടുത്തു. ഫോമായുടെ ഹെല്പിങ് ഹാൻഡ്സ് കത്തുകളിലൂടെ ലഭിക്കുന്ന സഹായാഭ്യർത്ഥനകൾക്ക് ഉടനടി പരിഹാരം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു തുടങ്ങി ചെറിയ കാലയളവിൽ തന്നെ മുപ്പത്തിരണ്ടോളം പ്രശ്നങ്ങൾ പരിഹരിച്ചു. അടിയന്തര സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ 2 ലക്ഷം രൂപ നൽകുന്നതാണ് പദ്ധതി.


കേരളത്തിന്റെ സമ്പദ്ഘടനയിൽ വലിയ സംഭാവനകൾ നൽകുന്നവരാണ് പ്രവാസികളെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമയുടെ ഏഴാമത് കേരള കൺവൻഷനും ഫോമ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സഞ്ചയിനി സ്കോളർഷിപ് പഠനസഹായ പരിപാടിയും തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.