ഫോമാക്കു മന്ത്രി ചിഞ്ചുറാണിയുടെ ആശംസ; കേരള കൺവൻഷനു സമാപനം
T Unnikrishnan FOMAA GS | May 17, 2022
കൊല്ലം: ഓർക്കിഡ് ബീച്ച് റിസോർട്ടിൽ മന്ത്രി ജെ. ചിഞ്ചുറാണിയടക്കമുള്ള നേതാക്കൾ പങ്കെടുത്ത സമ്മേളനത്തോടെ ഫോമായുടെ കേരള കണ്വൻഷൻ സമാപിച്ചു.കോവിഡിനു ശേഷം കുടുംബാംഗങ്ങളുമൊത്ത് ഒത്തുകൂടാൻ കഴിയുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച മന്ത്രി അമേരിക്കൻ മലയാളികളുടെ ഈ കൂട്ടായ്മക്ക് ആശംസകളും നേർന്നു. കേരളത്തിൽ ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഒട്ടേറെ പേർ വിഷമതകൾ അനുഭവിക്കുന്നുണ്ട്. അവരെയൊക്കെ സഹായിക്കാൻ വിദേശ മലയാളികൾ ധാരളമായി മുന്നോട്ടു വരുന്നതിൽ സന്തോഷമുണ്ട്. മന്ത്രിയായ ശേഷമാണ് താൻ വിദേശത്തെ ആദ്യമായി പോകുന്നത്. അവിടെ ചെന്നപ്പോൾ നിരവധി മലയാളികളെ കണ്ടു. ഇത്രയധികം പേർ വിദേശത്തുണ്ടോ എന്നു അതിശയം തോന്നി. അവർ നല്കിയ സ്നേഹാദരവുകളും സഹായങ്ങളും ഒരിക്കലും വിസ്മരിക്കാനാവില്ല. കേരളത്തിലെ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപങ്ങൾക്കുമൊക്കെ വേൾഡ് മലയാളി കൗൺസിൽ അടക്കമുള്ള സംഘടനകൾ നൽകുന്ന സഹായങ്ങൾ നിരവധിയാണ്. ആശുപത്രികൾ ഇല്ലാത്ത സ്ഥലങ്ങളിൽ ചികിൽസാ സഹായം എത്തിക്കാൻ സംഘടനകൾ മുന്നോട്ടു വരുന്നുണ്ട് മന്ത്രി പറഞ്ഞു.എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യപ്രസംഗം നടത്തി. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, പി.സി. വിഷ്ണുനാഥ് എം.എൽ.എ., വേൾഡ് മലയാളി കൗൺസിൽ കൊല്ലം പ്രോവിൻസ് പ്രസിഡന്റ് കെ.ജി. അനിൽകുമാർ, എന്നിവർ ആശംസകൾ നേർന്നു.


ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് അധ്യക്ഷത വഹിച്ചു. ജോ. ട്രഷറർ ബിജു തോണിക്കടവിൽ സ്വാഗതവും ട്രഷറർ തോമസ്  ടി . ഉമ്മൻ നന്ദിയും പറഞ്ഞു.


തുടർന്ന് സംഗീത പരിപാടി നടന്നു. നേരത്തേ ഫോമാ പ്രതിനിധികൾ രാജീവ് അഞ്ചലിന്റെ സാരഥ്യത്തിലുള്ള ജഡായു പാറ സന്ദർശിച്ചു.